ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം നാളെ ഗോള്‍ഡ് കോസ്റ്റില്‍ അരങ്ങേറുമ്പോള്‍ ഏവരുടെയും സുപ്രധാന ചോദ്യം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകുമോ എന്നതാണ്.
കാരണം, ഹോബര്‍ട്ടില്‍ ഈ മാസം രണ്ടിനു നടന്ന മൂന്നാം ട്വന്റി-20ല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. മെല്‍ബണിലെ രണ്ടാം ട്വന്റി-20യില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തി രണ്ടു റണ്‍സുമായി മടങ്ങിയതിനു പിന്നാലെയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്നിന്നുതന്നെ ഒഴിവാക്കി പകരം ജിതേഷ് ശര്‍മയെ ഉള്‍പ്പെടുത്തിയത്.
അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1-1 സമനിലയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. സഞ്ജുവിനെ പുറത്തിരുത്തി ഇറങ്ങിയ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.
സഞ്ജുവിനു സ്ഥാനമില്ല ?
ഒരു വര്‍ഷം മുമ്പ് ഇന്ത്യയുടെ ട്വന്റി-20 പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പുള്ള കളിക്കാരില്‍ ഒരാളായിരുന്നു സഞ്ജു സാംസണ്. അഞ്ച് ഇന്നിംഗ്സിനിടെ മൂന്നു സെഞ്ചുറി നേടി ഓപ്പണര്‍ സ്ഥാനത്ത് സഞ്ജുവിനു വെല്ലുവിളി ഇല്ലായിരുന്നു. എന്നാല്‍, ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ട്വന്റി-20യിലേക്കുള്ള തിരിച്ചുവരവോടെ സഞ്ജു പുറത്തേക്കുള്ള വഴിയിലായി. ടോപ് ഓര്ഡറില്നിന്നു പുറത്താക്കപ്പെട്ട സഞ്ജുവിനെ മധ്യനിരയിലേക്കിറക്കി.
എന്നാല്‍, മധ്യനിരയില്‍ ഇപ്പോള്‍ സഞ്ജുവിനു പകരം ജിതേഷ് ശര്‍മയെ കളിപ്പിക്കാനുള്ള നീക്കമാണ് ടീം മാനേജ്മെന്റ് നടത്തുന്നത്. മൂന്നാം ഏകദിനത്തില്‍ 13 പന്തില്‍ 22 നോട്ടൗട്ടുമായി ജിതേഷ് ശര്‍മ ഇന്ത്യന്‍ ജയത്തില്‍ തിളങ്ങുകയും ചെയ്തു. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററും ജിതേഷ് ലോവര്‍ ഓര്ഡറുമാണെന്നതും വാസ്തവം. 2025 ഐപിഎല്ലില്‍ ആര്‍സിബിക്കുവേണ്ടി ജിതേഷ് ലോവര്‍ ഓര്‍ഡറില്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചിരുന്നു.
വിജയ ഫോര്‍മുല
മൂന്നാം ട്വന്റി-20യില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ട്വന്റി-20യില്‍ കളിച്ച സഞ്ജു, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ക്കു പകരം യഥാക്രമം ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷദീപ് സിംഗ് എന്നിവരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ജിതേഷ് ശർമയും (13 പന്തില്‍ 22 നോട്ടൗട്ട്), വാഷിംഗ്ടണ്‍ സുന്ദറും (23 പന്തില്‍ 49 നോട്ടൗട്ട്), അര്‍ഷദീപ് സിംഗും (3/35) തിളങ്ങുകയും ചെയ്തു. ഇതില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ - ജിതേഷ് ശര്‍മ ആറാം വിക്കറ്റ് കൂട്ടുകെട്ട് പുറത്താകാതെ 43 റണ്‍സ് നേടിയെന്നതും ശ്രദ്ധേയം.
മൂന്നാം മത്സരം ജയിച്ച ടീമിനെ നിലനിര്‍ത്താനായിരിക്കും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും താത്പര്യം. അങ്ങനെയെങ്കില്‍ നാളെ ഗോള്‍ഡ് കോസ്റ്റിലും സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഉണ്ടായേക്കില്ല...